ചുമര് 🥀
ചുമര്
രാവിലെ എഴുന്നേറ്റത് മുതൽ അവൾ ആകെ അസ്വസ്ഥയായിരുന്നു. ദുഃഖഭാരത്താൽ ഹൃദയം ഉരുകിയൊലിക്കുന്നത് പോലെ അവൾക്ക് തോന്നി. ആരോടും ഒന്നും പറയാൻ ആകാത്ത വിധം അവളുടെ വാക്കുകൾ തൊണ്ടകുഴിയിൽ തറച്ചു നിന്നു. അച്ഛന് പനി തുടങ്ങിയിട്ട് മൂന്ന് നാലു ദിവസം ആയി. യാതൊരു കുറവും ഇല്ല. തന്റെ അപ്പന്റെ ജീവനും തുലാസിൽ വച്ചു കൊണ്ട് ദൈവം വാശി കാണിക്കുന്നതായി അവൾക്ക് തോന്നി. അങ്ങനെയാണെങ്കിൽ തന്റെ ആത്മാവ് ഒരു സെക്കന്റിന് മുമ്പ് എങ്കിലും മുകളിൽ എത്തിയിരിക്കും എന്ന വാശിയിൽ അവളുമിരുന്നു. അടുക്കളയിൽ ഉള്ളി അരിഞ്ഞു കൊണ്ടിരിക്കെ കണ്ണുകളും കത്തിയും ഇടത് കൈത്തണ്ടയിലേക്ക് നീണ്ടു. എല്ലാം അവസാനിപ്പിച്ചാലോ എന്നവൾക്ക് തോന്നി. പക്ഷേ, സംഹാരദൂതൻ അവളുടെ അടുത്ത് നിന്നും മാറിപ്പോയി. മനസ്സ് ഒന്നിലും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണുകൾ ഇടവിടാതെ പെയ്തത് കൊണ്ടാകും അവ നന്നേ ക്ഷീണിച്ചു പോയിരുന്നു. ഒരിറ്റ് ആശ്വാസത്തിനായി അവളുടെ ആത്മാവ് പോലും ആഗ്രഹിച്ചു. ചെയ്ത് തീർക്കാൻ എന്തൊക്കെയോ ബാക്കിയുണ്ടായിരുന്നതിനാൽ അവൾക്കൊന്നു മയങ്ങാൻ തോന്നിയില്ല. പക്ഷേ, ശരീരത്തിന് വിശ്രമം വേണമെന്ന് തോന്നി. അവൾ കട്ടിലിൽ ചുരുണ്ടു കിടന്നു. ആ നിമിഷം അവളുടെ കാൽമുട്ടുകൾ അറിയാതെ ചുമരിൽ സ്പർശിച്ചു. ഒരു പക്ഷേ, അവളുടെ നിസ്സഹായവസ്ഥ കണ്ടു ചുമര് അവളെ ചുംബിച്ചതാകും. അതുമല്ലെങ്കിൽ അതിന്റെ വാത്സല്യ കരങ്ങൾ നീട്ടി അവളെ അവളെ ചേർത്തണച്ചതാകും.ആ ഒരു നിമിഷം മുതൽ എന്തെന്നില്ലാത്ത ഒരു സമാധാനം അവളിൽ നിറഞ്ഞു. നിറഞ്ഞ മിഴികൾ പതിയെ അടഞ്ഞു. അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു പുഴ ഒഴുകാൻ തുടങ്ങി...ആശ്വാസത്തിന്റെ പുഴ!
Comments
Post a Comment